നീ
പിങ്കുനിറമുള്ള നിന്റെ സാന്നിധ്യം
പവിഴദ്വീപുകള്ക്കിടയിലൂടെയുള്ള പലായനമാണ്...
നമുക്കിടയില് പ്രണയത്തിന്റെ ലഹരിയോ
പ്രലോഭനത്തിന്റെ നീര്ച്ചുഴികളോ ഇല്ല.
കാമുകിയെപ്പോലെ നീ കലഹിക്കുന്നില്ല.
കുടുംബിനിയെപ്പോലെ കാത്തിരിക്കുന്നുമില്ല!
കരിവള വാങ്ങിക്കാത്തതിന്റെ പിണക്കമോ-
പരിഭവമോ;ഓര്മ്മപ്പെടുത്തലുകളോ ഇല്ല.....
എങ്കിലും,
മൌനത്തിലേക്ക് പിന് വലിയുന്ന വാക്കുകള് പോലെ
മരുഭൂമിയിലേക്ക് പെയ്തിറങ്ങുന്ന മഴച്ചാറ്റല് പോലെ....
നീ എന്നില് നിറയുന്നു.
നിലാവായ്,നിശീഥമായ് നിനച്ചിരിക്കാത്തൊരോര്മ്മയായ്....
വേദനകളുടെ മുള്പ്പടര്പ്പില് നിന്ന്
എന്റെ കിനാവുകളെ ഇറുത്തെടുക്കുന്നു
സ്വപ്നരഹിതമായ രാത്രികളെ
നക്ഷത്രങ്ങള് കൊണ്ട് പുതപ്പിക്കുന്നു.
വിരഹത്തിന്റെ വിജനമായ തടാകങ്ങളില്
ഒരു നൈതലാമ്പല് പോലെ
ജന്മാന്തരങ്ങള്ക്കിടയില്-
സാന്ത്വനത്തിന്റെ നേര്ത്ത പുഴയായ്
നീ ഇപ്പോഴും എന്നെ പുല്കുന്നു!
അപരിചിതമായ,അദൃശ്യമായ സൌഹൃദത്തിന്റെ-
ദുകൂലലോലമായ സാന്നിധ്യമായ്
നിനവില് നീ നിറയുന്നു...
0 Comments