വരക്കാനിരിക്കുമ്പോള്
വരക്കാനിരിക്കുമ്പോള്-
വരകളും വര്ണ്ണങ്ങളും വിറങ്ങലിക്കുന്നു
കണ്ണുകളില് കാട്ടുതീയാളുന്നു
കരളില് കൊടുമപിരി കൊള്ളും കൊലയാനക്കൂട്ടങ്ങള്
ടര്ണറിന്റെ പ്രകൃതിയോ
കോണ്സ്റ്റബിളിന്റെ പച്ചപ്പോ
വാന്ഗോഗിന്റെ വയലുകളോ
നഷ്ടമായിരിക്കുന്നു.
ഉരുകിയൊലിക്കുന്ന നാഴികമണികള് പോലെ
ഭൂമിയിലെ പകലുകള്-
എന്നെ വിഭ്രാന്തിയിലേക്ക് വേട്ടയാടുന്നു
ചാഞ്ഞുപെയ്യാനൊരിത്തിരി കവിത പോലും
ബാക്കിയാക്കാതെ
വസന്തം വറ്റിപ്പോയ മനസ്സ്
പുഴയെ ധ്യാനിക്കുമ്പോള്
മണല്ക്കൂനകള്ക്കും പുല്പ്പടര്പ്പുകള്ക്കു-
മിടയിലൂടെ മുറിവേറ്റൊരുരഗം കണക്കെ പുഴ
പ്രണയമില്ല വിരഹമില്ല
പശിയാറാപക്ഷികള്ക്ക് കൂട്ടായി-
ഉണങ്ങിയ ശിഖരങ്ങള് മാത്രം.
കാട്ടുചോലകള് മൌനത്തിലേക്ക് ചിറകൊതുക്കി
നീരൊഴുക്കും നീര്ത്തടങ്ങളും
നിറവേറാത്ത സ്വപ്നം പോലെ....
വിണ്ടുകീറിയ മണ്ണില് നിന്നും
വിത്തുകള് നെഞ്ചുകീറി നിലവിളിക്കുന്നു.
വരക്കാനിരിക്കുമ്പോള്....
കല്പനയില് തെളിയുന്ന പക്ഷിക്ക്
ഫോസിലുകളുടെയോ-
ചങ്കുകീറിച്ചത്ത വേഴാമപലിന്റെയോ സാദൃശ്യം
ആധിപിടിച്ച മനസ്സില് ഈസലുകള്-
മാനം മുട്ടെ വളരുന്നു
ചായപ്പലകകള് ചരിത്രത്തെ വിസ്മരിക്കുന്നു
ധ്യാനനിദ്രയില്ത്തെളിയും
പത്മദളചക്രങ്ങള് പിളരുന്നു
കലിയുഗസമുദ്രങ്ങള്ക്ക് തീ പിടിക്കുന്നു.
ധമനികള് പൊട്ടി വരകളും വര്ണ്ണങ്ങളും
കരകള് ഭേദിക്കുന്നു
വിരലുകളില് ഇനി വരക്കാനുള്ളത്
ദാലിയുടെ വിഭ്രമചിത്രങ്ങള് മാത്രം.
രാജന് കാരയാട്
0 Comments