ജൂൺ 19
വായനാദിനം
വായന എന്നത് ആഹ്ലാദകരമായ ഒരു പ്രവർത്തനമാണ് അത് നൽകുന്നതാകട്ടെ അനിർവചനീയമായ അനുഭൂതികളും ::
'ബാല്യത്തിന്റെ തുടർച്ചയിലെവിടെയോ വെച്ച് നാം വായനയിലേക്ക് വശീകരിക്കപ്പെടുന്നു 'ബാലരമയും "പൂമ്പാറ്റയും ' നമ്മിലെ കൗതുകത്തെ വളരെക്കാലം വളർത്തിയെടുത്തു. അയൽക്കാരിയായ പെൺകുട്ടിയുടെ പാഠപുസ്തകത്തിൽ നിന്നും "കുഞ്ഞിക്കൂനനും ''കൂട്ടിനായെത്തി
സ്കൂൾ ലൈബ്രറിയിൽ നിന്നും ഇറങ്ങി വന്ന എം ടിയും, ടാറ്റാപുരവും പിന്നെ ക്ഷുഭിത യൗവ്വനത്തിന്റെ തീഷ്ണകാലം സമ്മാനിച്ച മുകുന്ദനും വിജയനും ബാലചന്ദ്രനും, സച്ചിദാനന്ദനും പിന്നെ കടമ്മനിട്ട രാമകൃഷ്ണനും തീപിടിച്ച ഈ തലമുറക്കൊപ്പം നാം നടന്നു. വായന ദർശനങ്ങളുടെ വാതിലുകൾ തുറന്നു തന്നു. പുസ്തകങ്ങൾ അവയുടെ നീൾമിഴികളിലേക്ക് മോഹിപ്പിച്ചു. ജോണും സുകുമാരനും അയ്യപ്പനും വാക്കുകളെ സ്ഫുടം ചെയ്തു തന്നു. പിന്നീട് അനുഭവങ്ങളുടെ വൻകരകൾ താണ്ടി വന്ന ബഷീറിനൊപ്പം നമ്മൾ നടന്നു. സഹപാഠിയായ ബഷീറെന്ന സുഹൃത്ത് സാർത്രയെ പരിചയപ്പെടുത്തി 'കാഫ്കെയും കാമുവും സുപരിചിതമായ നാമധേയങ്ങൾ ......വായന തീഷ്ണമായ അനുഭവവും മരണം വരെ നമ്മെ പിന്തുടരുന്ന സ്മരണകളുമാണ് ' വായനക്ക് ലോകത്തെ മാറ്റാനാവും അവനവനെത്തന്നെയും .....
പുസ്തകങ്ങളിലൂടെ നമുക്ക് പ്രകാശം പകർന്നു തന്ന പ്രതിഭകൾ നിരവധിയാണ് വായന കൊണ്ട് മാത്രം ലോകത്തെ നയിച്ചവരും അനവധിയാണ്
ആരാച്ചാരുടെ കാൽ പെരുമാറ്റം ശ്രവിച്ചിരുന്ന ഭഗത് സിംഗ് അഗാധമായ വായനയിലായിരുന്നു, "സമയമായി " എന്നറിയിച്ചപ്പോൾ, ഞാനീ പുസ്തകം മുഴുമിപ്പിക്കട്ടെ " എന്നായിരുന്നു മറുപടി.'!മൃതിയെപ്പോലും ഭയക്കാത്തവയനാസക്തി .....". ഒരറിവും പകർന്നു തരാത്ത ഒരു പുസ്തകവുമില്ല" എന്ന് അഴീക്കോട് മാഷ് പറഞ്ഞിട്ടുണ്ട് ഒരു പാട് വായിക്കുന്നതിനേക്കാൾ നല്ലത് കുറച്ച് നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുന്നതാണ് '
നമ്മളെ എന്നും പ്രചോദിപ്പിച്ച പുസ്തകങ്ങളുണ്ട് എഴുത്തുകാരുമുണ്ട് വിസ്മയിപ്പിച്ച ഭാഷാ പ്രയോഗങ്ങളുണ്ട് അതിരില്ലാത്ത ഭാവനകളുടെ അത്ഭുത പ്രപഞ്ചമുണ്ട് "ഗ്രന്ഥശാലകൾ വെറും ആഡംബര വസ്തുക്കൾ മാത്രമല്ല അത് മനുഷ്യ ജീവിതത്തിന് അവശ്യം വേണ്ട ഒന്നാണ് "എന്നു പറയാറുണ്ട്. ലോകത്തെ ജയിച്ച പലരുടേയും അനുഭവങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ അവരുടെ ജീവിതത്തെ വായന എത്രത്തോളം സ്വാധീനിച്ചു എന്ന് മനസ്സിലാകും " എന്റെ ഗ്രാമത്തിലെ ഗ്രന്ഥശാലയാണ് എന്റെ ആദ്യ 'ഗുരു എന്ന് ബർണാഡ് ഷാ ഓർമ്മിക്കുന്നുണ്ട്" മറവിയെ പ്രതിരോധിക്കാൻ വായന അനിവാര്യമാണ് എന്ന് ഉമ്പർട്ടോ എക്കോയും പറയുന്നുണ്ട്. " വായിച്ചു വളരുക "എന്ന സന്ദേശവുമായി കേരളത്തിലെ ഗ്രാമാന്തരങ്ങളിലൂടെ അക്ഷീണം നടന്ന വിജ്ഞാനിയായ ഒരു വിപ്ലവകാരിനമുക്കുണ്ടായിരുന്നു, "പുതുവായിൽ നാരായണപ്പണിക്കർ " എന്ന പി.എൻ പണിക്കർ തലമുറകൾക്ക് അറിവു പകർന്നു കൊടുക്കാനായ് ജീവിതം മാറ്റി വെച്ച ഒരാൾ
ജൂൺ 19 വായനാദിനമായി നമ്മൾ ആചരിക്കുന്നതും ആ മഹത് വ്യക്തിയെ സ്മരിക്കുവാനും വായനയുടെ പ്രസക്തി തിരിച്ചറിയാനും കൂടിയാണ്
നമുക്ക് തുറന്നിടാം മനസ്സിന്റെ വാതായനങ്ങൾ വായനയുടെ മറ്റൊരു വസന്തകാലത്തിലേക്ക് ..
രാജൻ കാരയാട്
0 Comments